ARK(ആര്‍ക്ക്) എന്ന മൂന്നക്ഷരം പേരിനു മുന്നില്‍ ആനയ്ക്ക് നെറ്റിപ്പട്ടമെന്നോണം ഞാന്‍ കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് എട്ട്–പത്ത് കൊല്ലത്തോളമായി.ഏതാണ്ട് അത്ര തന്നെ കാലമായി ഞാന്‍ കംമ്പ്യൂട്ടറും ഇന്റര്‍നെറ്റും മറ്റും ഉപയോഗിക്കുന്നു. അര്ജ്ജുന് ഗംഗാധരന് എന്ന ഞാന്‍ എങ്ങനെ അല്ലെങ്കില്‍ എന്തിനു ആര്‍ക്ക് അര്ജ്ജുന് ആയി എന്നതാണ് ഞാന്‍ ഇതിലൂടെ പറയുന്നത്.
അര്ജ്ജുന് എന്നത് കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ സര്‍വസാധാരണമായ ഒരു പേരാണ്. എന്തിനു പുരാണത്തില്‍ പോലും ഉണ്ടല്ലൊ ! മറ്റു അര്ജ്ജുന്മാരില് നിന്നും വേര്‍തിരിച്ചറിയാന്‍ വേണ്ടി ഒരു തൂലികാ നാമം പോലെ ഒന്നു സ്വീകരിക്കണമെന്നു എനിക്കു തോന്നി. അങ്ങനെ അതു ചെന്നു നിന്നത് ആര്‍ക്ക് അര്ജ്ജുനിലാണ്.
ആര്‍ക്ക് അര്ജ്ജുന് എന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ “എന്താണ് ഈ ആര്‍ക്ക് ?” എന്ന ചോദ്യവും ഞാന്‍ കേക്കാന്‍ തുടങ്ങിയതാണ്. ഉത്തരം പറഞ്ഞും, പാതി ഉത്തരം പറഞ്ഞും ഞാന്‍ മടുത്തു. ഇതാ എല്ലാവര്‍ക്കുമായി ആര്‍ക്ക് എന്ന മൂന്നക്ഷരത്തെ ഞാന്‍ നിര്‍വചിക്കുന്നു.
ഭൂരിപക്ഷം ജോമെട്രിക്ക് ഷേപ്പുകളും / ചിത്രങ്ങളും വരയ്ക്കാനും ARC ആവശ്യമാണ്. എനിക്ക് വരയ്കാന്‍ നല്ല താല്പര്യമാണ്. പരീക്ഷയില്‍ പോലും എഴുതാന്‍ മടിച്ച് ചിത്രങ്ങളിലൂടെ ഉത്തരങ്ങള്‍ എഴുതുന്ന സ്വഭാവമാണെന്റെ. ഒരു അക്ഷരത്തേയോ സംഖ്യയേയൊ ഓര്‍ത്തു വെക്കാന്‍ എനിക്കു പാടാണ്, മറിച്ച് അവ ചിത്രങ്ങള്‍ പോലെയാണ് എന്റെ തലയില്‍ കേറുക. ഉദാഹരണത്തിനു ഒരു വണ്ടിയുടെ നമ്പര്‍ എന്നിക്ക് ഓര്‍ക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. പകരം അതു എഴുത്തിയ രീതി ഫോണ്ടിന്റെ രീതി ചിത്രീകരണത്തിന്റെ പ്രതേകത എന്നിവ ഓര്‍ക്കാന്‍ ഒരു തവണ മാത്രം കണ്ടാല്‍ മതി. പിന്നീട് അതു കണ്ടാല്‍ തിരിച്ചറിയാനും ആ നോട്ടം മതി. അത്രത്തോളം ചിത്രങ്ങളും വരയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള ഞാന്‍ ARC എന്ന അനിവാര്യമായ അര്‍ദ്ധവൃത്തത്തിന്റെ വരയിലെ സ്ഥാനം മനസിലാക്കി അതുറപ്പിച്ചു.
ARC എന്നതിനു വില്ല് എന്നു കൂടി അര്‍ത്ഥമുണ്ടെന്നു പിന്നെ അറിഞ്ഞു. പുരാണത്തിലെ വില്ലാളി വീരനായ അര്‍ജ്ജുനനെ പോലെ ഈ അര്‍ജ്ജുനും ഒരു വില്ലാളി (പേരിലെങ്കിലും) ആവട്ടെ എന്നു ഞാന്‍ കരുതി.
ARC എന്ന മൂല വാക്കില്‍ നിന്നും ഒന്നു മാറ്റിപിടിക്കാന്‍ വേണ്ടി ‘C’ എന്ന അക്ഷരം മാറ്റി ഉച്ചാരണത്തിനു വ്യത്യാസം വരാതെ പകരം ‘K’ എന്നാക്കി. “ARK” എന്ന വാക്കിന്റെ അര്‍ത്ഥം നോക്കിയപ്പോള്‍ നോഹയുടെ പേടകത്തിന്റെ പേരാണെന്നു മനസിലായി. നോഹയുടെ പേടകത്തിന്റെ പ്രതേകതയെന്താണെന്നു നമുക്കെല്ലാവര്ക്കുമറിയാലൊ!പ്രളയത്തിനു മുന്‍പ് ലോകത്തിലെ സകല ജീവജാലങ്ങളുടെയും ഒരു ജോഡി കയറ്റി പ്രളയാനന്തര ലോകം നിര്‍മ്മിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് ആ വലിയ കപ്പല്‍. അതിജീവനത്തിനായുള്ള നോഹയുടെ പ്രതീക്ഷയും സമൂഹത്തോടുള്ള കടമയും ഇതില്‍ പ്രകടമാക്കുന്നു. അതുപോലെ എന്നിലെ അതിജീവനത്തിന്റെ ശക്തിയും, പ്രതീക്ഷയും, സാമൂഹിക പ്രതിബദ്ധതയും ആര്‍ക്ക് എന്ന വാക്കിലൂടെ ഞാന്‍ കാണുന്നു.
Short and Sweet എന്നു പറയും പോലെ പേരും ചെറുതാവണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു പക്ഷെ നേരത്തെ പറഞ്ഞ എഴുതാനുള്ള എന്റെ മടിയാവാം ഇതിനു കാരണം. 3 എന്ന എന്റെ ഇഷ്ട സംഖ്യയില്‍ തന്നെ പേരു ഞാന്‍ പരിമിതപ്പെടുത്തി. ആ ര്‍ ക്ക് | A R K മലയാളത്തിലായാലും ഇംഗ്ലീഷിലായാലും അക്ഷരങ്ങള്‍ 3 !
അങ്ങനെ “ആര്‍ക്ക് ” ആയും “ആര്‍ക്ക് അര്ജ്ജുന്” ആയുമാണ് ഞാന്‍ ഭൂരിപക്ഷം ആളുകള്‍ക്കിടയിലും അറിയപ്പെടുന്നു.